കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Thursday 1 September 2011

"ഇന്ന് അത്തം"
സമൃദ്ധിയുടെ സ്മരണകളുണര്‍ത്തി അത്തം പിറന്നു, മാവേലിമന്നനെ വരവേല്‍ക്കാന്‍ നാടുണര്‍ന്നുകഴിഞ്ഞു. "ഇന്ന് അത്തം"തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളിക്ക് ഇനി കാത്തിരിപ്പിന്‍റെ പത്തു നാളുകള്‍. അത്തപ്പൂക്കളങ്ങളുടെ വര്‍ണ വൈവിധ്യങ്ങള്‍ ഇന്ന് മുതല്‍ മലയാളിയുടെ മനസ്സിനും നിറം നല്‍കുന്നു. മഹാബലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. ചിങ്ങം 15ന് ആണ് അത്തം. 24 ന് തിരുവോണവും
ചിങ്ങക്കൊയ്ത്തിന്‍റെ സമൃദ്ധിയിലേക്ക് കണ്ണ് തുറക്കുന്ന ഓണക്കാലം ഇന്ന് മലയാളിക്ക് അന്യമായിക്കഴിഞ്ഞു. പാ‍ടവും വിളയും പണ്ടത്തെ സുഖമുള്ള ഓര്‍മ്മകളിലേക്ക് ചുരുങ്ങിയപ്പോള്‍ ഓണം ആഘോഷങ്ങളിലേക്ക് മാത്രം ഒതുങ്ങുകയും ചെയ്തു.പൂക്കളും പൂ വിളികളും വിദൂര ദേശങ്ങളില്‍ കഴിയുന്ന മലയാളിയുടെ മനസ്സിന് ഗൃഹാതുരത്വത്തിന്‍റെ സുഖമുള്ള നോവുകളാവും. പണ്ടൊക്കെ ഓണക്കാലത്ത് തൊടികളിലും പുരയിടത്തിലുമൊക്കെ പൂക്കളുടെ വസന്തമായിരിക്കും. ‘പൂവേ പൊലി' പാടി കുട്ടികള്‍ പൂക്കളിറുത്ത് പൂക്കളം തീര്‍ക്കുന്നതും ഇന്ന് ഒരു പഴയ ഓര്‍മ്മയായിരിക്കുന്നു. ഇക്കാലത്ത് പൂക്കളമിടുന്നതിനും പൂക്കള്‍ കടയില്‍ നിന്ന് വാങ്ങേണ്ടി വരുന്നു.
ചിങ്ങക്കൊയ്ത്തിന്‍റെ ചരിത്രം മറഞ്ഞ ഇന്ന് തൊടിയും പച്ചപ്പും പോലുമില്ല. വയലുകള്‍വരെ നികത്തി മണിമാളികകള്‍ പണിയുന്ന ഇന്നത്തെ സാഹചര്യത്തില്‍ സാംസ്കാരിക സംഘടനകളും മറ്റും മുന്‍‌കൈ എടുത്ത് ഓണാഘോഷങ്ങള്‍ നടത്തുന്നത് ഒരളവുവരെ നമ്മുടെ സ്വന്തം ഓണത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ ഉപകരിക്കുന്നു.കേരളത്തിലെ വിപണികളും സജീവമായി. മലയാളി കയ്യറിയാതെ പണം ചെലവിടുന്ന ഈ മാസം കച്ചവടക്കാര്‍ക്ക് ചാകരക്കാലമാണ്.
പൊയ്പോയ വസന്തം തിരികെ വരണമെന്ന പ്രാര്‍ത്ഥനയുമായി നമുക്ക് ഈ ഓണത്തിന്റെ ആഘോഷങ്ങളിലേക്ക് നടന്നിറങ്ങാം. 

No comments: